2014 മേയ് 12, തിങ്കളാഴ്‌ച

കാതോർക്കാം,പ്രബുദ്ധശബ്ദങ്ങളെ,

ഇത്തവണ പാർലമെന്റ് തെരെഞ്ഞെടുപ്പിലെ ശരാശരി പോളിങ്ങ് ശതമാനം 66ന് മുകളിൽഎത്തിയത് ചരിത്രത്തിലേക്ക് രേഖപ്പെടുത്തി കഴിഞ്ഞിരിക്കുന്നു.ലോകത്തിലെ ബൃഹത്തായ ജനാധിപത്യരാജ്യം,ജനകീയ പങ്കാളിത്ത്വത്തിന്റെ ഒരു താളുകൂടി മറിക്കുമ്പോൾ തദ്ദേശീയർക്ക് നവീനമായ ഒരുദിശാബോധം നൽകിയ അണ്ണാഹസാരേയെയും,ആംആദ്മിയെയും വിസ്മരിക്കുക സാധ്യമല്ല.പോളിങ്ങ് ശതമാനം ഉയർന്നതിൽ മറ്റ് ഘടകങ്ങൾക്ക്ഒപ്പം ആംആദ്മിക്കുള്ള സ്ഥാനം ആർക്കുംതള്ളിക്കളയുവാനും കഴിയുകയില്ല.പക്ഷെ, വരുവാനുള്ള സുദീർഘവർഷങ്ങളിൽ നമ്മുടെ ജനാധിപതൃബോധത്തെ‐ഉത്തരവാദിത്ത്വത്തെ‐വളർത്തിക്കൊണ്ട് വരുവാൻ,സൈദ്ധാന്തികഅടിത്തറയില്ലാത്ത,ആൾകൂട്ടത്തിന്റെ ശബ്ദമായികൂട്ടംതെറ്റിപോകാവുന്ന,ആംആദ്മി എന്ന രാഷ്ട്രീയപാർട്ടിക്ക് സാധിക്കുമോ ?
എങ്കിലും, ഇന്ത്യയുടെ ജനാധിപത്യവിഹായുസ്സിൽ അണ്ണാഹസാരെയും ആംആദ്മിയും ഉയർത്തിവിട്ട ശബ്ദങ്ങൾ വരുംകാലങ്ങളിലും നമ്മുക്ക് കാതോർത്തിരിക്കാം.

2014 മേയ് 11, ഞായറാഴ്‌ച

പടിയിറങ്ങി പോകുന്നത്

അമ്മയുടെ മരണത്തിനുശേഷം
അടുക്കളപ്പുറത്തെ കറിവേപ്പിലമണം
തെക്കൻകാറ്റിനൊപ്പം പറന്നുപോയി.
പിന്നാമ്പുറത്തുനിന്നും
ഇറങ്ങിപോകുന്ന
അയൽപക്കഒറ്റയടിപാതയിൽ
മുൾതലപ്പുകളും വിഷവള്ളികളും,
ഫണമുയർത്തി ഇഴഞ്ഞിറങ്ങി.
കരിന്തിരികത്തുന്ന നിലവിളക്കിനുമുന്നിൽ
എന്റെ മകൾ മിണ്ടാതിരുന്നു.
തൊടിയിലെ ചേമ്പും ചേനയും കാച്ചിലും
അടുക്കളപായ്യാരത്തിലേക്ക്
തിരിഞ്ഞുനോക്കിയില്ല.
പുതുനെല്ലിൻ തിളക്കം കാണാതെ
ഉച്ചവെയിൽ
മാവിൻചില്ലയിൽനിന്നും,
മുറ്റത്തെക്ക് നിഴൽ ചവച്ചുതുപ്പി.
അമ്മ മരിച്ചതിൽ പിന്നെ
കർക്കിടകത്തിലെ
എന്റെ ജന്മദിന മഴ,വെയിൽ തിളക്കങ്ങൾ
വേറെ ഒരു കണ്ണിലും
ഞാൻ കണ്ടതേയില്ല.

2014 ഏപ്രിൽ 27, ഞായറാഴ്‌ച

വൃത്തി

ഇനിയും എത്രയോ പേർ
വരുവാനുള്ളതാണെന്നുകരുതി
എന്നും രാവിലെ
മനസ്സിന്റെ മുറ്റം തൂക്കാൻ
ഒരുങ്ങിയിറങ്ങും.
പക്ഷെ,
അപ്പോൾ വരും ചുമ!
ചവറുകാണുമ്പോൾ മാത്രം,
കുനിയുമ്പോൾ മാത്രം, 
തിരിഞ്ഞ് ഓടി അടുക്കള കലമ്പലിൽ
വീഴും വരെ,നിർത്താതെ.
ഒടുവിൽ
മുട്ടുകാലിൽ ഉറങ്ങി,ഉണർന്ന്
മുറ്റത്ത് ഇഴഞ്ഞുചെന്നപ്പോൾ
അത്ഭുതം! ഒരു പിടി ചവറേയില്ല.

2014 ഏപ്രിൽ 20, ഞായറാഴ്‌ച

കവിത

പിതാക്കൻമാർ

ഇപ്പോഴും
നിങ്ങളുടെ നാട്ടിൽ
എന്റെ പിതാക്കൻമാർ
ഉച്ചവെയിൽ മുറ്റത്ത്
സർവ്വാണി സദ്യക്ക്
തലകുനിച്ച് ഇരിക്കുന്നുണ്ടാവും.
മണ്ണ് തുരന്ന്
പൂഴ്ത്തിവച്ച നരച്ചശിരസ്സുകൾക്കുമീതെ,
എരിവും പുളിയും തുപ്പിയ
വചനഭിക്ഷകൾ പകർന്നുവാങ്ങി,
ഒടുവിലത്തെ കറുത്തവനും
വെയിൽ തുളച്ചുപായുന്നു.
കടലാഴം വരെ
നിരങ്ങിയിറങ്ങുന്ന കണ്ണുകൾ.
കുലവൃക്ഷത്തിന്റെ കടയ്ക്കൽ
അഗ്നി തുപ്പുവാൻ
കുടിൽ നൂഴുന്ന തെരുവുസർപ്പങ്ങൾ.
നാട്ടുനീതിയുടെ പിൻനിലങ്ങളിൽ
ചുടുരക്തഞരമ്പുകൾ
വേരുപിണഞ്ഞകാലം
ഇപ്പോഴും എന്റെ മൗനങ്ങളിലേക്ക്,
സ്വപ്നനിഴൽതുമ്പിലേക്ക്,
പകൽ ഘോഷയാത്ര നടത്തുന്നു.
കുന്നിറങ്ങി,
കൊയ്ത്തുകഴിഞ്ഞ പാടങ്ങൾ പിന്നിട്ട്,
നടക്കുമ്പോഴും
അവർ മുന്നേറുകതന്നെയായിരുന്നു.

2014 ഏപ്രിൽ 17, വ്യാഴാഴ്‌ച

 പുനർജ്ജനി

പുനർജ്ജനിക്കുന്നുവെങ്കിൽ
അത് മഴപോലെ ആകണം.
പരാജയപർവ്വങ്ങളിൽ നിന്ന്
കുതിച്ചിറങ്ങി,
പകൽ കുടിച്ച്,രാത്രി കലങ്ങി
മാലിന്യലയലഹരിയിൽയൗവനസുരതം.
നഗരപ്രാന്തങ്ങളിൽ
നൂൽ നിഴൽപോലെ ഇഴപൊട്ടി,
ഉരിഞ്ഞൊടുങ്ങുന്ന പ്രാണനിൽ നിന്ന്
ലവണമാത്രകളെല്ലാം കുടഞ്ഞെറിയാം.
സ്വപ്ന പദമൂന്നി,
സാഗരഗർവ്വത്തിന്റെ പത്തിയിൽചവിട്ടി,
ഉയർന്നുപൊങ്ങാം.
സർഗ്ഗസുഷമയിൽ
ഗൂഢ ധ്യാനമായി ഊറിനിന്ന് ഒടുവിൽ
ആഷാഢത്തിന്റെ മിഴിതുമ്പിൽ നിന്ന്
ഹരിത നാവുകളെയെല്ലാംതൊട്ടുനനച്ച്,
വീണ്ടും താഴെക്ക്.